സി.പി.എം.ആവശ്യപ്പെട്ടു; ജോസഫൈന് വനിത കമ്മിഷന് അധ്യക്ഷസ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: വനിതാകമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന് രാജിവെച്ചു. പരാതിക്കാരിയോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് സിപിഎം ആവശ്യപ്പെട്ടതുപ്രകാരമാണ് രാജി.
ചാനല്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് വനിതാകമ്മിഷന് അധ്യക്ഷ, എന്നാ പിന്നെ അനുഭവിച്ചോ എന്ന തരത്തില്‍ മോശമായി സംസാരിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍, ഗാര്‍ഹികപീഡനത്തെപ്പറ്റി എറണാകുളം സ്വദേശിനിയായ യുവതി എം.സി. ജോസഫൈനോട് പരാതിപ്പെട്ടിരുന്നു.
പോലീസില്‍ പരാതിപ്പെട്ടോയെന്ന് അവര്‍ പരാതിക്കാരിയോട് തിരിച്ചുചോദിച്ചു. ഇല്ലെന്നുപറഞ്ഞ യുവതിയോട് എന്നാ പിന്നെ അനുഭവിച്ചോയെന്നാണ് ജോസഫൈന് പറഞ്ഞത്. ഈ പ്രതികരണത്തിനെതിരേ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയടക്കം ഇടതുനേതാക്കളും യുവജന സംഘടനകളുമടക്കം രംഗത്തെത്തി.
സംഭവം വിവാദമായപ്പോള്‍ ജോസഫൈന് ഖേദം പ്രകടിപ്പിച്ചെങ്കിലും പരാതിക്കാരോടുളള ജോസഫൈന്റെ അനുഭാവപൂര്‍ണമാല്ലാത്ത പെരുമാറ്റത്തിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രമുഖരുള്‍പ്പടെയുളളവര്‍ ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സി.പി.എം. സഹയാത്രികരായുള്ളവര്‍ അടക്കം ജോസഫൈനെതിരെ രംഗത്തുവന്നിരുന്നു വിഷയം ചര്‍ച്ചചെയ്യാന്‍ ഇന്ന് ചേര്‍ന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശമാണ് ജോസഫൈനെതിരെ ഉണ്ടായത്.