ലോക്ഡൗണ്‍ ലഘൂകരിക്കും; ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടെത്തി കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും
ജൂണ്‍ 16 മുതല്‍ ലോക്ഡൗണ്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാവസായിക – കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേസ്ഥാപനങ്ങളുടെ പരിധിയിലും അനുവദിക്കും ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഗതാഗത സൗര്യം അനുവദിക്കും.
അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴുവരെ തുറക്കാന്‍ അനുവദിക്കും. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ തുറക്കും.
ജൂണ്‍ 17 മുതല്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവര്‍ത്തിക്കാം.
സെക്രട്ടേറിയറ്റില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ നിലവിലുള്ള രീതിയില്‍തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടെത്തി കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഏഴ് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനം ആണെങ്കില്‍ ആ സ്ഥലത്തെ കുറഞ്ഞ രോഗ വ്യാപനമുള്ള പ്രദേശമെന്ന് വിലയിരുത്തും.
ടിപിആര്‍ 8-20 ശതമാനമുള്ള പ്രദേശങ്ങളെ മിതമായ രോഗ വ്യാപനമുള്ള പ്രദേശമായി വിലയിരുത്തും. ടിപിആര്‍ 20 ശതമാന മുകളിലുള്ള സ്ഥലങ്ങള്‍ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ 30 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ കേന്ദ്ര – സംസ്ഥാന പരീക്ഷകളും അനുവദിക്കും. റെസ്‌റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ഹോം ഡെലിവറി, ടേക്കവേ എന്നിവ അനുവദിക്കും. വിനോദ സഞ്ചാരം, വിനോദ പരിപാടികള്‍, ആളുകൂടുന്ന ഇന്‍ഡോര്‍ പരിപാടികള്‍, മാളുകളുടെ പ്രവര്‍ത്തനം എന്നിവ അനുവദിക്കില്ല.
വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയില്‍ 20 പേരെ മാത്രം പങ്കെടുപ്പിക്കാം. മറ്റ് ആള്‍ക്കൂട്ടങ്ങളൊ പൊതു പരിപാടികളൊ അനുവദിക്കില്ല. ഇളവുകള്‍ അനുവദിച്ചുവെന്ന് കരുതി എല്ലാ മേഖലയിലും ഇളവാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രോഗവ്യാപനം പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല.
അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസ് നമ്മുടെ കൂടെയുണ്ട്. വ്യാപനം തടയാന്‍ കഴിഞ്ഞാല്‍ മാത്രമെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനാവൂ. അതിനാല്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.