വളര്‍ത്തു നായകളെ ആക്രമിച്ച കരടിയെ മതിലില്‍ നിന്ന് തള്ളിയിട്ട് പെണ്‍കുട്ടി; വൈറലായി വിഡിയോ
കാലിഫോർണിയ : കരടിയുടെ ആക്രമണത്തിൽ നിന്നും നായ്ക്കുട്ടിയെ സാഹസികമായി രക്ഷിച്ച പതിനേഴുകാരിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. കരടിയുമായി ഏറ്റുമുട്ടിയ വളർത്തു നായകളെ രക്ഷിച്ച ഹെയ്ലിയുടെ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഹെയ്ലി മോർനിക്കോ എന്ന പെൺകുട്ടിയാണ് കരടിയെ മതിലിൽ നിന്ന് തള്ളിയിട്ടത്. തെക്കൻ കാലിഫോർണിയയിലെ സാൻ ഗബ്രിയേൽ വാലിയിലാണ് സംഭവം.
വീടിന്റെ പിന്നിലുള്ള മതിലിൽ ചാടിക്കയറിയ കരടിയെ തുരത്താനെത്തിയതായിരുന്നു വളർത്തുനായകൾ. കരടിയും രണ്ടു കുഞ്ഞുങ്ങളുമാണ് മതിലിലൂടെ എത്തിയത്. ഇവയെ കണ്ടുകൊണ്ടാണ് വളർത്തുനായകൾ കുരച്ചുകൊണ്ട് എത്തിയത്. നായകളെ കണ്ട് ഭയന്ന് കരടിക്കുഞ്ഞുങ്ങൾ പിന്തിരിഞ്ഞ് ഓടിയെങ്കിലും അമ്മക്കരടി മതിലിന് മുകളിൽ നിന്നുകൊണ്ട് വളർത്തു നായകളെ ആക്രമിക്കാൻ ഒരുങ്ങി.
ഹെയ്ലിയും അമ്മയും പൂന്തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു വളർത്തു നായകൾ കുരച്ചുകൊണ്ട് പിന്നിലേക്ക് ഓടിയത്. അവിടേക്കെത്തിയ ഹെയ്ലി കണ്ടത് കൂട്ടത്തിൽ ചെറിയ നായ്ക്കുട്ടിക്കെതിരേ ചീറ്റുന്ന കരടിയെയാണ്. ഓടിയെത്തിയ ഹെയ്ലി മറ്റൊന്നുമാലോചിക്കാതെ കരടിയെ മതിലിൽ നിന്നും തള്ളി താഴേക്കിട്ടു. കരടി പിന്നിലേക്ക് വീണതോടെ ഹെയ്ലി നായ്ക്കുട്ടികളെയും വാരിയെടുത്ത് ഓടി രക്ഷപെടുകയായിരുന്നു. വീടിനു സമീപം സ്ഥാപിച്ച സിസിടിവിയിലാണ് ഈ ദൃശ്യം പതിഞ്ഞത്.