ലോക്ഡൗണ്‍ രീതി മാറ്റും ; നിയന്ത്രണം രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച്
സംസ്ഥാനത്ത് ലോക്ഡൗണ്‍ സ്ട്രാറ്റർജിയില്‍ മാറ്റം വരുത്തുമെന്നും രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്.
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ടി.പി.ആര്‍ 15 ലും താഴെയെത്തി. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ അത് 10 ശതമാനത്തിലും താഴെയായിരിക്കുന്നു. കഴിഞ്ഞ ഒരു ആഴ്ചയില്‍ പത്തു ശതമാനം കുറവ് ടി.പി.ആറില്‍ ഉണ്ടായതായി കാണാന്‍ സാധിച്ചു. കേസുകളുടെ എണ്ണത്തില്‍ 20 ശതമാനവും കുറവുണ്ടായിരിക്കുന്നു.
എന്നാല്‍ ജില്ലാതലത്തില്‍ ഈ കണക്കാക്കുകള്‍ക്കപ്പുറം തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ തിരിച്ച് എടുത്താല്‍ മറ്റൊരു ചിത്രവും കാണാം. 14 തദ്ദേശ സ്വയംഭരണ പരിധിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലാണ്.
37 എണ്ണത്തില്‍ 28 മുതല്‍ 35 വരെയാണ്. 127 ഇടത്ത് 21 നും 28നും ഇടയിലാണ്. ഉദ്ദേശിച്ച് രീതിയില്‍ രോഗ വ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കാണുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച് ലോക്ഡൗണ്‍ 16 വരെ തുടരും.
തുടര്‍ന്നുള്ള നാളുകളില്‍ ലോക്ഡൗണ്‍ സ്റ്റാറ്റർജിയില്‍ മാറ്റം വരുത്തും.
സംസ്ഥാനത്താകെ ഓരേ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയുമാണ് ഇപ്പോള്‍ നടത്തുന്നത്. അതിന് പകരം രോഗവ്യാപനത്തില്‍ തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ അറിയിക്കും.
പരിശോധനകള്‍ നല്ല തോതില്‍ വര്‍ധിപ്പിക്കണം എന്ന് തന്നെയാണ് കാണുന്നത്. അക്കാര്യത്തിലും നിരീക്ഷണത്തില്‍ കഴിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചും പുതിയ ക്യാംപയിന്‍ തന്നെ ആലോചിക്കും. വീടുകളില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള മാര്‍ഗങ്ങളും നടപ്പാക്കും.
ലോക്ഡൗണ്‍ ഇതേ നിലയില്‍ തുടരേണ്ടതില്ല എന്നാണ് ആലോചന. അതേസമയം വല്ലാതെ ടിപിആര്‍ വര്‍ധിച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുണ്ട്. ജില്ലയിലും ഇക്കാര്യത്തില്‍ ഏകീകൃതരൂപമില്ല. ജില്ലയില്‍ ടിപിആര്‍ വര്‍ധിച്ചതായി കാണുമ്പോള്‍ തന്നെ ചിലപ്രദേശങ്ങളില്‍ വളരെ കുറഞ്ഞ തോതിലാണ് രോഗവ്യാപനമുള്ളത്.
അതെല്ലാം കണ്ടുകൊണ്ടുള്ള വിദഗ്ദ്ധ അഭിപ്രായങ്ങള്‍ ആവശ്യമായതിനാലാണ് ഇന്നൊരു തീരുമാനത്തിലെത്താതെ നാളേക്ക് വെച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.